സുഭാഷ് ചന്ദ്രന്‍
1972-ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനിച്ചു. അച്ഛന്‍: ചന്ദ്രശേഖരന്‍ പിള്ള, അമ്മ: പൊന്നമ്മ. കടുങ്ങല്ലൂരിലെ രണ്ട് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ പഠിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കഥയ്ക്കു മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. ഇതേ പേരിലുള്ള ആദ്യ കഥാസമാഹാരത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്, അങ്കണം അവാര്‍ഡ്, എസ്.ബി.റ്റി. അവാര്‍ഡ്, വി.പി. ശിവകുമാര്‍-കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്റെ പുരസ്‌കാരം, കാലടി ശ്രീശങ്കരാചാര്യ കോളേജ് ജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ധനം ധനകാര്യമാസിക കേരളത്തിലെ പത്ത് പേഴ്‌സണാലിറ്റി ബ്രാന്‍ഡുകളില്‍ ഒരാളായും ദ വീക്ക് വാരിക വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ഇന്ത്യയിലെ അന്‍പത് യുവാക്കളില്‍ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളില്‍ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തില്‍നിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ എന്ന ഓര്‍മക്കുറിപ്പുകളുമാണ് പ്രധാന കൃതികള്‍. വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച് കെ.എം. കമല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ല്‍ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. പറുദീസാ നഷ്ടം, സന്‍മാര്‍ഗം എന്നീ കഥകള്‍ക്ക് ചലച്ചിത്രഭാഷ്യങ്ങള്‍ വന്നിട്ടുണ്ട്. ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം. ഇപ്പോള്‍ മാതൃഭൂമിയില്‍ ചീഫ് സബ്എഡിറ്റര്‍. ഭാര്യ: ജയശ്രീ. മക്കള്‍: സേതുപാര്‍വതി, സേതുലക്ഷ്മി. വിലാസം: ഭൂമി, മായനാട്, കോഴിക്കോട് -8.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍